എനിക്ക് സുഹൃത്തുക്കൾ രണ്ട്.
എന്റെ ഇടത്തും വലത്തുമായി
അവർ എപ്പോഴുമുണ്ട്.
കുടിക്കുവാനും കഴിക്കുവാനും
കൊടുക്കുവാനും വാങ്ങുവാനും
എഴുതുവാനും എഴുന്നേൽക്കുവാനും
എന്തിനും ഏതിനും അവർ വേണം.
എന്റെ സുഹൃത്തുക്കൾക്ക്
സുഹൃത്തുക്കൾ അഞ്ചു വീതം.
ഏറെ സ്വാധീനമുള്ള അവർ
ഈ യുഗത്തിന്റെ നിർമ്മാതാക്കൾ.
എന്റെ മക്കളും അവരുടെ മക്കളും
മക്കളായ മക്കളെല്ലാം
അവരുടെ യുഗത്തിലാണ്.
അവരുടെ യോഗത്തിലാണ്.
എനിക്കുന്നൊരു പ്രശ്നമുണ്ട്;
സംശയ പ്രശ്‍നം.
എനിക്കിന്നൊരു ഭയമുണ്ട്
മരണ ഭയം.
എന്റെ സുഹൃത്തുക്കളാ-
ണെനിക്ക് പ്രശ്‍നം
അവരുടെ സുഹൃത്തുക്കളെ-
യാണെനിക്ക് ഭയം.
അവർ പോകുന്ന ദൂരമെല്ലാം
സംശയത്തിന്റെ നിഴലിൽ
അവർ തൊടുന്നതെല്ലാം
ഭയത്തിന്റെ ഉറവിടങ്ങൾ
മരണഭയമെന്നെ കാർന്നുതിന്നുന്നു.
ഒറ്റുകാർ കൂടെയുണ്ട്.
ഭയമേറിയ മുഖമൊന്നു തലോടാനോ
എന്റെ കണ്ണീരൊപ്പുവാനോ
അവരെ ഞാൻ അനുവദിക്കില്ല.
രണ്ടുകൈകളോടെ മരിക്കുന്നതിലും
കൈകളെയകറ്റി ജീവിക്കുക നന്നല്ലേ
എന്ന് ചിന്തിച്ചു ചിന്തിച്ചു ഞാൻ
എന്റെ കൈകളെ കഴുകിയകറ്റുന്നു.
No comments:
Post a Comment